National
ന്യൂഡൽഹി: ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഫ്രാൻസിലേക്ക് തിരിക്കുന്നു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഫ്രാൻസിലെ അബ്ബെ ഡെസ് വോക്സ്-ഡി-സെർണെയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.
ജൂണിൽ ഇവാൻസിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. യുക്രെയ്നിലെ സുരക്ഷ, ആണവ സുരക്ഷ, യുദ്ധാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ ഗൗരവമായി ചർച്ച ചെയ്യും. ചരക്ക് നീക്കവും സമുദ്ര സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള നടപടികളും യോഗത്തിന്റെ പരിഗണനയിലുണ്ട്. മാറുന്ന ആഗോള സാഹചര്യത്തിൽ അന്താരാഷ്ട്ര ഭരണ സംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് മന്ത്രിമാർ സംസാരിക്കും.
ജി7 രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ബ്രസീൽ, യുക്രെയ്ൻ എന്നീ രാജ്യങ്ങളെയും ഈ യോഗത്തിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. സമ്മേളനത്തിനിടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനിയൻ യുദ്ധക്കപ്പലുകൾ സഹായം തേടിയിരുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഫെബ്രുവരി 28-നാണ് മേഖലയിലുള്ള തങ്ങളുടെ മൂന്ന് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കാൻ അനുമതി വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടത്.
നയതന്ത്രപരമായ ചർച്ചകൾക്ക് ശേഷം മാർച്ച് ഒന്നിന് ഇന്ത്യ ഇതിന് അനുമതി നൽകി. തുടർന്ന് മാർച്ച് 4-ന് 'ഐആർഐഎസ് ലവാൻ' കൊച്ചിയിൽ എത്തിച്ചേർന്നു.കപ്പലിലെ ജീവനക്കാർ നിലവിൽ ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിലാണ്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പാർലമെന്റിൽ പറഞ്ഞു.
ഇന്ത്യയുടെ ആതിഥേയത്വത്തിൽ നടന്ന 'മിലാൻ-2026' നാവിക അഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന ആക്രമിക്കപ്പെട്ടത്. അപകട സാഹചര്യത്തെ തുടർന്ന് നാവിക അഭ്യാസത്തിൽ പങ്കെടുക്കാനെത്തിയ രണ്ടാമത്തെ ഇറാനിയൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്തും മൂന്നാമത്തെ യുദ്ധക്കപ്പൽ കൊച്ചി തീരത്തുമാണ് അടുപ്പിച്ചത്.
National
ന്യൂഡൽഹി: ഇറേനിയൻ യുദ്ധക്കപ്പലുകളായ ഐആർഐഎസ് ദേന ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമിക്കപ്പെട്ടതിലും ഐആര്ഐഎസ് ലാവണിനെ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിച്ചതിലും ഔദ്യോഗികമായി പ്രതികരണമറിയിച്ച് കേന്ദ്രം.
ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന "റെയ്സിന ഡയലോഗിൽ’ സംസാരിക്കവെ ഇന്ത്യൻ മഹാസമുദ്രത്തിലെ സങ്കീർണമായ സാഹചര്യങ്ങളെക്കുറിച്ചും ഇറേനിയൻ യുദ്ധക്കപ്പലിനു കൊച്ചിയിൽ നങ്കൂരമിടാനുള്ള സാഹചര്യം നൽകിയതിനെക്കുറിച്ചും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് വിശദീകരണം നൽകിയത്.
കൊച്ചിയിൽ ഐആർഐഎസ് ലാവണിനെ നങ്കൂരമിടാൻ അനുവദിച്ചത് മാനുഷിക പരിഗണന മൂലമാണെന്ന് ജയശങ്കർ വ്യക്തമാക്കി. വിശാഖപട്ടണത്തു നടന്ന ’മിലാൻ 2026’ നാവിക അഭ്യാസത്തിലും ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും പങ്കെടുത്ത് മടങ്ങുകയായിരുന്ന ഐആർഎസ് ലാവനിന് സാങ്കേതിക പ്രശ്നമുണ്ടായെന്ന് ഇറാൻ ഇന്ത്യയെ അറിയിച്ചു.
ഇന്ത്യൻ സമുദ്രാതിർത്തിയോടു ചേർന്നായതിനാൽ ഇന്ത്യയിലെ തുറമുഖത്തിലേക്കെത്താൻ അവർ ഇന്ത്യയുടെ അനുവാദം ചോദിച്ചു. ഫെബ്രുവരി 28ന് അവർ അഭ്യർഥന നടത്തിയതിനു പിറ്റേന്നുതന്നെ മാർച്ച് ഒന്നിന് ഇന്ത്യ അനുമതി നൽകി. അനുമതി ലഭിച്ചതിനുശേഷം കപ്പൽ കൊച്ചിയിൽ നങ്കൂരമിടാൻ കുറച്ചുദിവസമെടുത്തു. അവർ കൊച്ചിയിൽ എത്തിയപ്പോഴേക്കും സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായി മാറിയിരുന്നു.
റിപ്പോർട്ടുകളനുസരിച്ച്, കഴിഞ്ഞ നാലിനാണ് ഐആര്ഐഎസ് ലാവൺ കൊച്ചിയിൽ നങ്കൂരമിട്ടത്. അതേദിവസംതന്നെയാണ് ഐആര്ഐഎസ് ദേന, യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ മുങ്ങിയതും.
NRI
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഇത് പൂർത്തിയാകുമെന്നും ഇത് ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയൊരു അധ്യായം തുറക്കുമെന്നും എസ്. ജയശങ്കർ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിളിച്ചുചേർത്ത ക്രിട്ടിക്കൽ മിനറൽസ് മിനിസ്റ്റീരിയലിലും പങ്കെടുത്ത അമേരിക്കൻ സന്ദർശനം അവസാനിപ്പിച്ചപ്പോഴാണ് ജയശങ്കർ ഈ പരാമർശം നടത്തിയത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഖനനം, പ്രതിരോധം, ഊർജം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനമായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വലിയ മുന്നേറ്റത്തിലാണെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുകയും അമേരിക്ക ആക്രമണം നടത്താൻ സാധ്യത വർധിക്കുകയും ചെയ്തതോടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ചു ഇറേനിയൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗാചി പിന്തുണ തേടി.
ഇറേനിയൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്നും നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം ധരിപ്പിച്ചെന്നും എസ്. ജയശങ്കർ എക്സിലൂടെ അറിയിച്ചു.
ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും അടിയന്തരമായി രാജ്യം വിടണമെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: എട്ടുപതിറ്റാണ്ടോളമായി കെട്ടുറപ്പോടെ തുടരുന്നതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ വലിയ കൂട്ടുകെട്ട് സാന്പത്തിക സഹകരണത്തിന്റെ അടിസ്ഥാനത്തിൽ വിപുലപ്പെടുത്താനാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തിയത്.
യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ പുടിന്റെ സന്ദർശനം ബാധിക്കുമെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. “ഇന്ത്യ വിവിധ രാജ്യങ്ങളുമായി എങ്ങനെ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു എന്നതിനുമേൽ തങ്ങൾക്ക് വീറ്റോ പവർ ഉണ്ടെന്ന് മറ്റൊരു രാജ്യം ധരിക്കുന്നത് ന്യായമല്ല. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്”- ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മേളനത്തിൽ ജയശങ്കർ പറഞ്ഞു.
പുടിന്റെ ദ്വിദിന സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഉദിച്ചുയരുന്ന വലിയ രാജ്യമായ ഇന്ത്യക്ക് കഴിയുന്നത്ര ലോകരാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
International
ക്വാലാലംപുർ: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി ചർച്ച നടത്തി.
യുഎസിന്റെ മാർക്കോ റൂബിയോയുമായി നടത്തിയ ചർച്ചയിൽ, ഉഭയകക്ഷി ബന്ധത്തോടൊപ്പം പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും സംസാരിച്ചുവെന്ന് ജയ്ശങ്കർ എക്സിൽ കുറിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ കനത്ത നികുതിയെച്ചൊല്ലി ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നതു ശ്രദ്ധേയമാണ്.
അഞ്ച് റൗണ്ട് ചർച്ചകൾ പൂർത്തിയായ ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തെ സംബന്ധിച്ചും ചർച്ചയുണ്ടായി.
കൂടാതെ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ, തായ് ലാൻഡ് വിദേശകാര്യമന്ത്രി സിഹാസക് ഫുവാങ് കെറ്റ്കിയോവ് എന്നിവരുമായും ജയ്ശങ്കർ ഞായറാഴ്ച വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു.